ഇറാന്‍റെ മിസ്സൈലുകളെ ലോകം ഭയക്കുന്നതെന്തിന്?
മുഹമ്മദ് സഈദ്
പൊളിറ്റിക്കൽ എഡിറ്റർ
അൽ ജസീറ അറബിക് പോർട്ടൽ
(വിവർത്തനം)
(വിവർത്തനം)
ആമുഖം
പേർഷ്യൻ ഗൾഫിന്റെ തീരങ്ങളിൽ വീണ്ടുമോരു യുദ്ധത്തിന്റെ പെരുമ്പറ മുഴങ്ങുന്നു. അമേരിക്കയുടെയും,ഇറാന്റെയും നാവികപ്പടകൾ കടലിൽ റോന്തു ചുറ്റുന്നു. അമേരിക്കൻ വിമാന വാഹിനിക്കപ്പലുകളും സംഘർഷ മേഘലയിൽ എത്തിക്കഴിഞ്ഞു.ഈ ഘട്ടത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരവും,പദ്ധതികളും വീണ്ടും ലോകത്തിന്റെ ശ്രദ്ധയിലേക്ക് വരികയാണ്. ഇറാനെ നിശ്ശേഷം തകര്‍ക്കാന്‍ കഴിയുന്ന ആയുധ ശേഖരം അമേരിക്കയുടെ കൈവശമുണ്ട് എന്നത് വസ്തുതയാണ്.എങ്കിലും എന്തുകൊണ്ടാണ് അവരുടെ മിസ്സൈലുകളെ ലോകം ഭയപ്പെടുന്നത്? ഒരു പക്ഷെ നമ്മുടെ കണ്മുന്നിൽ ഉടൻ തന്നെ നടന്നേക്കാവുന്ന ഒരു യുദ്ധത്തിന്റെ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്ന ഈ വേളയിൽ മേൽ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് ഈ ലേഖനം ശ്രമിക്കുന്നത്.
ഒന്ന്
ഏഴു വര്ഷം മുമ്പുള്ള ആ ദിവസം, മുമ്പെങ്ങും അനുഭവയ്‌ക്കേണ്ടി വന്നിട്ടില്ലാത്ത ഒരു ഭയം കിഴക്കൻ തെഹ്റാനിലെ ജനങ്ങളെ കീഴടക്കി.പല വീടുകളും കുലുങ്ങുകയും,ജനാലച്ചില്ലുകൾ തകർന്നു ചിതറുകയും ചെയ്തു. ഒരുഗ്ര സ്ഫോടനത്തെ തുടർന്ന് വലിയൊരഗ്നി നാളം ആകാശത്തെ വിഴുങ്ങി. തങ്ങളുടെ കടലാസു ഭീഷണികൾ അവസാനിപ്പിച്ചു, അമേരിക്കയോ ഇസ്രയേലോ ഇറാനിയൻ തലസ്ഥാനത്തു ഉഗ്ര ശേഷിയുള്ള ബോംബ് വർഷിച്ചു എന്നാണു എല്ലാവരും ആദ്യം കരുതിയത്. എന്നാൽ ടെഹ്റാനിൽ നിന്ന് മുപ്പതു മൈൽ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഗദീർ മിസൈൽ കേന്ദ്രത്തിലാണ് സ്ഫോടനം നടന്നത് എന്ന് പിന്നീടാണ് വ്യക്തമായത്(1).
ഇന്ന് വരെ ഇറാൻ ജനതക്കോ, മറ്റുള്ളവർക്കോ ഗദീർ സംഭവത്തെക്കുറിച്ചു കൂടുതലൊന്നും അറിയില്ല. എന്നാൽ ഗദീർ എന്ന പേരിൽ മുങ്ങിപ്പലുകളും, മിസൈലുകളുമൊക്കെ ഇറാൻ ആയുധ ശേഖരത്തിലുണ്ട് എന്നത് പ്രസിദ്ധമാണ്. കൃത്രിമോപഗ്രഹങ്ങളാകട്ടെ പ്രസ്തുത കേന്ദ്രത്തെക്കുറിച്ച ഏതെണ്ടെല്ലാ വിശദാംശങ്ങളും പുറം ലോകത്തെ അറിയിച്ചിട്ടുണ്ട്. മിസൈൽ കേന്ദ്രത്തിലെ കെട്ടിടങ്ങളുടെ പിങ്ക് നിറവും, അവിടെ നടക്കുന്ന തുടർച്ചയായ പ്രവർത്തങ്ങളും നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇന്ന് ഇറാൻ മിസൈൽ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന 'ഹസ്സൻ തഹ്‌റാനീ മുഖദ്ദം' (2) തന്റെ പ്രധാന പ്രവർത്തന മേഖലയായി സ്വീകരിച്ചിരുന്നത് ഈ കേന്ദ്രത്തെയാണ്.
സ്വന്തം രാജ്യത്തുള്ളതിനെക്കാൾ പാശ്ചാത്യ ലോകത്ത് പ്രസിദ്ധി നേടിയ അപൂർവം ഇറാനികളിലൊരാളായിരുന്നു തഹ്‌റാനി. റിപ്പബ്ലിക്കൻ ഗാർഡിന്റെ വ്യോമസേനാ വിഭാഗത്തിലെ പ്രമുഖനായ ഒരു ഓഫിസറായിരുന്നു അദ്ദേഹം. ഇറാൻ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുടെ ശില്പി, മിസൈൽ പദ്ധതിയുമായി ബന്ധപ്പെട്ട വിദേശ വിനിമയത്തിന്റെയും, ഇടപാടുകളുടെയും മുഖ്യ ചുമതലക്കാരൻ, റിപ്പബ്ലിക്കൻ ഗാർഡിന്റെ മിസൈൽ കേന്ദ്രത്തിന്റെ സ്ഥാപകൻ, ലബനാനിലെ ഹിസ്ബുല്ലയുടെ മിസൈൽ പദ്ധതിയുടെ മുഖ്യ ഉപദേശകൻ, വ്യാവസായിക ഗവേഷണത്തിനും,സ്വയം പര്യാപ്തതക്കുമുള്ള സമിതിയുടെഅധ്യക്ഷൻ, അതിനും മുമ്പ് റിപ്പബ്ലിക്കൻ ഗാർഡിന്റെ ഉത്തര ബറ്റാലിയന്റെ തലവൻ തുടങ്ങിയ പദവികളിലൊക്കെ തെഹ്റാനി പ്രവർത്തിച്ചു.അദ്ദേഹം വഹിച്ച സുപ്രധാന വകുപ്പുകളും,സ്ഥാനങ്ങളും തഹ്‌റാനിയെ പല രാജ്യങ്ങളുടെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നോട്ടപ്പുള്ളയാക്കി.
ജനങ്ങളുടെ ഹൃദയം പിടിച്ചു കുലുക്കിയ 'ഗദീർ' സ്ഫോടനത്തെക്കുറിച്ച് ഇറാൻ ഒരിക്കലും മതിയായ വിവരങ്ങൾ പുറത്തു വിട്ടില്ല.തഹ്‌റാനി ഉൾപ്പെടെ റിപ്പബ്ലിക്കൻ ഗാര്ഡിലെ സൈനികരും, ഉന്നതോദ്യോഗസ്ഥരും അടങ്ങുന്ന 17 പേരുടെ മരണത്തിനിടയാക്കിയ സംഭവമാണത്.ഇറാൻ നേതൃത്വമാകട്ടെ പ്രമുഖരായ സൈനിക മേധാവികൾ കൊല്ലപ്പെട്ട ഒരു സംഭവം എന്നതിലുപരി, തങ്ങളുടെ ഏറ്റവും വികസിതമായ ഒരു സൈനിക പദ്ധതിയുടെ സമീപ കാലത്തൊന്നും നികത്തപ്പെടാനാവാത്ത വൻ പരാജയമായി അത് തിരിച്ചറിയുകയും ചെയ്തു.
അന്ന് മുതൽ തഹ്‌റാനിയുടെ മരണം ചുരുളഴിയാത്ത ഒരു സമസ്യയായി തുടരുന്നു.സാങ്കേതിക പിഴവാണ് സ്ഫോടനത്തിന്റെ കാരണമെന്നാണ് ഇറാന്റെ ഭാഷ്യം.മറ്റാരുടെയും കൈകൾ അതിനു പിന്നിലില്ല എന്നവർ പറയുന്നു.എന്നാൽ സ്‌ഫോടനത്തിനു തൊട്ടു മുമ്പുള്ള രണ്ടു വര്ഷങ്ങളിലെ ഇറാൻ ആണവ ശാസ്ത്രജ്ഞൻമാരുടെ വധ പരമ്പരയുമായി ചേർത്തു വായിക്കുമ്പോൾ സംഭവത്തിനു പിന്നിലുള്ള വിദേശ ചാര സംഘങ്ങളുടെ പങ്കിനെക്കുറിച്ച സംശയം ബലപ്പെടുകയാണ്. മൊസാദിന്റെ സർവ വ്യാപിയായ കരങ്ങൾ തെഹ്റാൻ തെരുവകളിലെ കളി അവസാനിപ്പിച്ച്, റിപ്പബ്ലിക്കൻ ഗാർഡിന്റെ തന്നെ നിയന്ത്രണത്തിലുള്ള അതീവ സുരക്ഷിതമായ സൈനിക കേന്ദ്രത്തിലേക്ക് വരെ നീണ്ടിരിക്കുന്നു എന്ന സ്ഥിരീകൃതമായ സത്യം അംഗീകരിക്കാൻ തഹ്‌റാൻ തയ്യാറല്ല എന്നതാണ് വസ്തുത.
എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ, ഇറാൻ ആണവ പദ്ധതിയെ സംബന്ധിച്ച ചർച്ചയിൽ, തഹ്‌റാനിയും, അദ്ദേഹത്തിന്റെ മിസൈലും മുങ്ങിപ്പോയി. 2017 ൽ ഒരു ഇറാനിയൻ പോർട്ടൽ അദ്ദേഹത്തിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചതോടെ തെഹ്റാനി വീണ്ടും സജീവ ചർച്ചയിലേക്ക് വന്നു. '' ശഹ്‌റൂദ്'' എന്നെഴുതിയ ദുരൂഹത തോന്നിക്കുന്ന ഒരു പെട്ടിയുടെ പശ്ചാത്തലത്തിലാണ് ചിത്രമുള്ളത്. ആ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം ഒടുവിലെത്തിയത് ഞെട്ടിപ്പിക്കുന്ന ഒരു നിഗമനത്തിലേക്കാണ്.അതായത് ആദ്യത്തെ കേന്ദ്രത്തിനു 300 കിലോമീറ്ററിനപ്പുറം '' ശഹ്‌റൂദ്'' മരുഭൂമിയിൽ രണ്ടാമത്തെ രഹസ്യ കേന്ദ്രത്തിന്റെ നിർമാണത്തിന് മേൽനോട്ടം വഹിക്കുകയായിരുന്നു മരണത്തിനു മുമ്പ് തെഹ്റാനി. ഇറാൻ മരുഭൂമിയുടെ നടുവിലെ പിങ്ക് വര്ണമുള്ള കെട്ടിടങ്ങൾ വീണ്ടും ഉപഗ്രഹങ്ങൾ പുറത്തുവിട്ടു.
"ശഹ്‌റൂദി"ലെ നിഗൂഢ കേന്ദ്രത്തെക്കുറിച്ച അന്വേഷണം ഇറാന്റെ മിസൈൽ പദ്ധതി സംബന്ധിച്ച് പുതിയ വിവാദങ്ങൾക്ക് വഴി വച്ചു(3). മിസൈൽ പരീക്ഷണത്തിന്റെ അടയാളങ്ങൾ ഭൂമിയിൽ ദൃശ്യമായിരുന്നു. ഇവയുടെ വിശകലനത്തിൽ നിന്ന് ഒരു കാര്യം വ്യക്തമായി; ഇറാൻ തങ്ങളുടെ ഹ്രസ്വ ദൂര,മധ്യ ദൂര മിസൈൽ ശേഖരം വർദ്ധിപ്പിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്, മറിച്ച്, ഒരു പക്ഷെ അവർ ദീർഘ ദൂര മിസൈലുകളുടെ യുഗത്തിൽ പ്രവേശിച്ചിരുന്നു. ഇതെല്ലാം ഇറാന്റെ മിസൈൽ പദ്ധതിയുടെ ഗുണപരമായ മുന്നേറ്റമായിരുന്നു. എൺപതുകളുടെ മധ്യത്തിൽ വളരെ ലളിതമായി തുടങ്ങിയ പരിപാടി, അയൽ രാജ്യങ്ങൾക്കു മാത്രമല്ല, സാക്ഷാൽ അമേരിക്കക്കു തന്നെ ഭീതി സൃഷ്ടിച്ചു കൊണ്ട് വികസിക്കുകയായിരുന്നു.
നഗരങ്ങളുടെ യുദ്ധം
ഇറാന്റെ മിസൈൽ മോഹങ്ങൾക്ക് ഷാ ഭരണകാലത്തോളം പഴക്കമുണ്ട്(4). എഴുപതുകളുടെ തുടക്കത്തിൽ മധ്യ പൗരസ്ത്യ ദേശത്തെ - ഒരു പക്ഷേ ലോകത്തിലെ തന്നെ- മികച്ച സൈന്യങ്ങളിൽ ഒന്നായിരുന്നു ഇറാന്റേതു.വളർന്നു വരുന്ന ആയുധ ഗവേഷണ പദ്ധതിയും, ഹ്രസ്വ ദൂര മിസൈൽ മോഹങ്ങളും സൈന്യത്തിനുണ്ടായിരുന്നു. എന്നാൽ 79 ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം, ആശയ പ്രക്ഷാളന നീക്കങ്ങളെ തുടർന്ന് സൈന്യം ആന്തരികമായി ശിഥിലമായി.പരിശീലന പദ്ധതികളും, മിസൈല്‍ പരിപാടിയുമായി ബന്ധപ്പെട്ട വിദേശ ഇടപാടുകളും അവതാളത്തിലായി. മാത്രവുമല്ല, വ്യോമസേനയിലെ പരിശീലനം നേടിയ കുറെയധികംപേർ ഈ പരിതാകാരമായ അവസ്ഥയിൽ സൈനിക സേവനമുപേക്ഷിച്ചു പോവുകയും ചെയ്തു.
ഇസ്‌ലാമിക വിപ്ലവത്തിന്റെ പിറ്റേ വര്ഷം എട്ടു വർഷങ്ങൾ നീണ്ടു നിന്ന ഇറാൻ-ഇറാഖ് യുദ്ധം ആരംഭിച്ചു. സൈനിക സാങ്കേതിക വിദ്യയിൽ പല കാര്യത്തിലും ഇറാന് മേൽക്കൈ ഉണ്ടായിരുന്നുവെങ്കിലും, അവരുടെ വ്യോമ സേന ഇറാഖിന്റേതിനെ അപേക്ഷിച്ചു വളരെ ദുര്ബലമായിരുന്നു. ഇറാഖ്, ഇറാൻ നഗരങ്ങളിൽ മിസൈൽ വര്ഷം നടത്തികൊണ്ടിരുന്നപ്പോൾ, കൃത്യമായ തിരിച്ചടി നൽകാൻ കഴിയാതെ ഇറാൻ നട്ടം തിരിയുകയായിരുന്നു.
ബാഗ്ദാദിനെ നേരിടുന്നതിന് മിസൈൽ ശേഷി കൈവരിക്കേണ്ടതിന്റെ ആവശ്യകത തുടക്കത്തിൽ തന്നെ ഇറാൻ മനസ്സിലാക്കി(5). മിസൈൽ നിർമാണം എന്നത് ആ സമയത്തു ലക്ഷ്യമായിരുന്നില്ല. ഹ്രസ്വ ദൂര സ്കഡ് മിസൈലുകൾ ഇറക്കുമതി ചെയ്യുക, ഇറക്കുമതി ചെയ്ത ഘടക ഭാഗങ്ങൾ സംയോജിപ്പിക്കുക തുടങ്ങിയവയൊക്കെ ആയിരുന്നു അപ്പോഴത്തെ രീതികൾ. 1985 ൽ അന്നത്തെ പാർലമെന്റ് സ്പീക്കറായിരുന്ന അക്ബർ ഹാഷ്മി റഫ്സഞ്ചാനിയുടെ നേതൃത്ത്വത്തിലുള്ള ഉന്നത സംഘം ലിബിയ,സിറിയ, ഉത്തര കൊറിയ,ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് മിസൈൽ മോഹവുമായി നിരന്തര സന്ദർശനങ്ങൾ നടത്തി.
റഫ്സഞ്ചാനിയുടെ ശ്രമങ്ങൾക്ക് പെട്ടെന്ന് തന്നെ ഫലമുണ്ടായി. ആ വര്ഷം അവസാനിക്കും മുമ്പ് തന്നെ ക്സഡ് ഇനത്തിൽ പെട്ട '' ആർ-17'' മിസൈലുകളുടെ ഒരു കൂട്ടം ലിബിയയിൽ നിന്ന് ഇറാന് ലഭിച്ചു. ആയിരം കിലോ സ്‌ഫോടക വസ്തുക്കൾ വഹിച്ചു കൊണ്ട് 300 കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുള്ള മിസൈലുകളായിരുന്നു അവ. ഈ മിസൈലുകൾക്കു വലിയൊരളവു വരെ ലക്ഷ്യ സ്ഥാത്തെത്തുന്നതിൽ കൃത്യതക്കുറവ് ഉണ്ടായിരുന്നു വെങ്കിലും, ഇറാക്കി നഗരങ്ങളിൽ തീ വിതറുക എന്ന ഇറാന്റെ ലക്‌ഷ്യം നിറവേറ്റാൻ അത് മതിയായിരുന്നു.
ലിബിയയില്‍ നിന്ന് ഇറക്കുമതി ചെയ്ത മിസൈലുകള്‍ ഉപയോഗിച്ച് തീര്‍ന്നപ്പോള്‍, ഇറാന്‍ ഉത്തര കൊറിയ എന്ന പുതിയ ദാതാവിനെ കണ്ടെത്തി.എന്നാല്‍ ഇപ്പ്രാവശ്യം ഇടപാടില്‍ ഇറാന്റെ മോഹങ്ങള്‍ വലുതായിരുന്നു. സാങ്കേതിക വിദ്യയുടെ കൈമാറ്റം, നിർമാണം പൂർത്തിയാകുന്ന മിസൈലുകൾ കരസ്ഥമാക്കുന്നതിനുള്ള മുൻ ഗണന തങ്ങൾക്കു നൽകുക എന്നീ നിബന്ധനയിൽ പ്യോങ് യാങ്ങിന്റെ മിസൈൽ പദ്ധതിക്ക് സാമ്പത്തിക സഹായം നൽകാം എന്ന നിർദ്ദേശം ഇറാൻ മുന്നോട്ടു വച്ചു.അങ്ങനെ 1987 ല്‍, കൊറിയയില്‍ നിന്നുള്ള സ്കഡ് മിസ്സിലിന്റെ ആദ്യ ബാച്ച് ഇറാനിലെത്തി. സ്വന്തം സൈന്യത്തിന് പോലും ലഭ്യമാവും മുമ്പ് കൊറിയന്‍ മിസൈല്‍ ഇറാന് ലഭിച്ചു എന്നൊരു പ്രചാരണം പോലും അക്കാലത്തുണ്ടായിരുന്നു. തുടര്‍ന്നുള്ള മാസങ്ങളില്‍ ഇറാന് നൂറോളം മിസ്സിലുകള്‍ ലഭിച്ചു. അവയെല്ലാം യുദ്ധത്തില്‍ ഉപയോഗിക്കപ്പെട്ടു. മേഘല കണ്ട ഏറ്റവും വലിയ മിസൈല്‍ യുദ്ധം മൂലം നേരത്തെ തന്നെ എരിഞ്ഞു കൊണ്ടിരുന്ന മധ്യ പൌരസ്ത ദേശത്തിന്റെ ആകാശം കൂടുതല്‍ ആളിക്കത്തിക്കത്താനാണ് ഇത് സഹായിച്ചത്.
ഒടുവില്‍ ആര്‍ക്കും വ്യക്തമായ വിജയം നേടാനാവാതെ ഇറാന്‍- ഇറാഖ് യുദ്ധം അവസാനിച്ചു. ഏതാണ്ട് പത്തു ലക്ഷത്തോളം ആളുകളാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. യുദ്ധം അവസാനിച്ചുവെങ്കിലും, മിസ്സൈലുകള്‍ കരസ്ഥമാക്കാനുള്ള മോഹം ഇറാന്‍ ഉപേക്ഷിച്ചില്ല. മറിച്ചു ആഗ്രഹം കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തത്. യുദ്ധം അവസാനിച്ച ഉടന്‍ ഉത്തര കൊറിയയുടെ സ്കഡ്- സി എന്ന അത്യന്താധുനിക മിസ്സൈല്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ ഇറാന്‍ ആരംഭിച്ചു.
ദ്രവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന മിസ്സൈലാണ് സ്കഡ്-സി. സ്കഡ്-ബിയേക്കാള്‍ കാര്യക്ഷമത കൂടിയതും, കൂടുതല്‍ ദൂരം പോകാന്‍ കഴിയുന്നതുമാണ് അവ.700 കിലോഗ്രാം സ്ഫോടന വസ്തുക്കള്‍ വഹിച്ചു കൊണ്ട് 500 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷി അതിനുണ്ട്. 1991 ല്‍ തന്നെ പ്രസ്തുത മിസ്സൈലുകള്‍ ലഭിച്ചിരുന്നുവെങ്കിലും, ഇറാന്റെ മോഹങ്ങള്‍ കൂടുതല്‍ വളരുകയായിരുന്നു. മിസ്സൈലുകള്‍ പുറത്തു നിന്ന് വാങ്ങുന്നതിന് പകരം പ്രാദേശികമായി അവ നിര്‍മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കരസ്തമാക്കുന്നതിനെക്കുറിച്ചായി അവരുടെ ചിന്ത.
ഇറാന്റെ വജ്രായുധം
ഇറാഖ് യുദ്ധ സമയത്ത് ബാലിസ്റ്റിക് മിസൈലുകൾ വാങ്ങാൻ ഇറാൻ നിർബന്ധിതമായി.എന്നാൽ ഇസ്രയേലുമായുള്ള ശത്രുത മിസൈൽ നിർമാണം വിപുലമാക്കാൻ ഇറാനെ പ്രേരിപ്പിച്ചു. ' നാസിആത്' എന്ന പേരിൽ ഇറാൻ ആദ്യമായി ഭൂതല-ഭൂതല മിസൈൽ നിർമിച്ചു. സഞ്ചരിക്കുന്ന വിക്ഷേപിണിയിൽ നിന്നാണ് പ്രസ്തുത മിസൈൽ തൊടുക്കുക. ഇറാൻ-ഇറാഖ് യുദ്ധ കാലത്തു 'തെഹ്റാനി മുകദ്ധം' രൂപം നൽകിയ 'മിസൈൽ ടീമി' ന്റെ ആദ്യ സംഭാവനയായിരുന്നു ' നാസിആത്'.
യുദ്ധം അവസാനിച്ചത്, മിസൈൽ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കും,ഗവേഷങ്ങൾക്കുമുള്ള അവസരമായാണ് 'മുകദ്ധം' കണ്ടത്. മിസൈൽ നിർമാണത്തിന് പരിശീലനം നൽകാൻ ചില വിദഗ്ധരെ തെഹ്‌റാനിലേക്കു അയച്ചതിനു പുറമെ, 1993 ൽ ഉത്തര കൊറിയ സ്കഡ് മിസൈൽ നിർമാണ വിദ്യയും ഇറാന് നൽകി.
നേരത്തെ തന്നെ നിലവിലിരുന്ന സ്കഡ് മിസൈലിന്റെ അനുകരണമായിരുന്നു തുടക്കത്തിൽ നിർമിച്ച പല മിസൈലുകളും(6).ദ്രവ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന, 1000 കിലോ സ്‌ഫോടക വസ്തുക്കൾ വഹിക്കാൻ കഴിയുന്ന 'ഷിഹാബ്-1' മിസൈലുകൾ 'സ്കഡ്-ബി' യുടെ തന്നെ കോപ്പി ആയിരുന്നു. 186 മൈലാണ് അതിന്റെ ദൂര പരിധി. ഈ ഇനത്തിൽ പെട്ട രണ്ടായിരം മുതൽ മൂവായിരം മിസൈലുകൾ നിർമിക്കാൻ ഇറാന് കഴിഞ്ഞു എന്നാണു കണക്കാക്കപ്പെടുന്നത്. എന്നാൽ സ്കഡ് -ബി മിസൈലുകളെപ്പോലെ കൃത്യതക്കുറവ് ശിഹാബ്-1 മിസൈലുകളുടെ ഒരു പ്രശ്നമായിരുന്നു. പിന്നീട് 300 മൈൽ സഞ്ചാര ശേഷിയുള്ള 'ശിഹാബ്-2' ഇറാൻ വികസിപ്പിച്ചു.
1998 ൽ , 'ശിഹാബ്-3' മിസൈലിന്റെ പരീക്ഷണ വിക്ഷേപണം നടത്തി. കൊറിയൻ ഉപ ദ്വീപിൽ നിന്ന്, ജപ്പാനിലുള്ള അമേരിക്കൻ താവളങ്ങൾ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ ഉത്തര കൊറിയ നിർമിച്ച 'നോഡോങ്' മിസൈലിന്റെ പരിഷ്കരിച്ച പതിപ്പായിരുന്നു 'ശിഹാബ്-3'. കൊറിയയുടെ മിസൈലിന്റെ സഞ്ചാര പരിധി 600 മൈൽ ആയിരുന്നു. എന്നാൽ ഇറാൻ അത് 2000 കിലോ മീറ്ററായി വർധിപ്പിച്ചു എന്ന് കരുതപ്പെടുന്നു. മിസൈലിന് സഞ്ചരിക്കാൻ കഴിയുന്ന ദൂരത്തിന്റെ കാര്യത്തിൽ കുതിച്ചു ചാട്ടം തന്നെ നടത്തിയെങ്കിലും, ശിഹാബ് മിസൈലുകൾ കൃത്യതയുടെ കാര്യത്തിൽ സാങ്കേതികമായി വളരെ പിന്നിലായിരുന്നു.ഇത് ഇറാനെ വളരെ അലട്ടുന്ന ഒരു പ്രശ്നമായിരുന്നു. വിമാനത്താവളം, സൈനിക കേന്ദ്രം പോലെയുള്ള മർമ പ്രധാനവും, നിര്ണിതവുമായ ലക്ഷ്യങ്ങൾ അക്രമിക്കുന്നതിനു ഈ മിസൈലുകൾ അനുയോജ്യമായിരുന്നില്ല. ലക്ഷ്യ സ്ഥാനത്തു വരുന്ന ഏതൊരു രാജ്യത്തും അത് സൃഷ്ടിക്കാവുന്ന, മുൻ കൂട്ടി കാണാൻ കഴിയാത്ത വ്യാപകമായ നശീകരണം ജനങ്ങളിൽ വ്യാപകമായ ഭീതി ജനിപ്പിക്കാൻ ഇടയാക്കും.
മുകളിൽ സൂചിപ്പിച്ച പോരായ്മകൾ പരിഹരിക്കുന്നതിനു ' ഗദീർ -1' എന്ന പേരിൽ ഷിഹാബ് -3 ന്റെ പുതിയൊരു പതിപ്പ് ഇറാൻ വികസിപ്പിച്ചു(7). 'ഇമാദ്' എന്ന പേരിൽ അറിയപ്പെടുന്ന പുതു തലമുറ ആയുധ ശേഖരം അതിൽ ഘടിപ്പിച്ചു. താരതമ്യേന കുറഞ്ഞ ദൂരം മാത്രമായിരുന്നു ഇതിന്റെ സഞ്ചാര പരിധി. എങ്കിലും കൂടുതൽ പ്രഹര ശേഷിയും, കൃത്യതയും ഉള്ളതായിരുന്നു അവ. ദ്രവ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന മിസ്സൈലുകളുടെ പരിമിതികളെക്കുറിച്ചു മനസ്സിലാക്കിത്തുടങ്ങിയ ഇറാൻ,ക്രമേണ ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മിസൈലുകൾ വികസിപ്പിക്കാൻ തുടങ്ങി.
ദ്രവ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന മിസൈലുകളുടെ പരിമിതി, വിക്ഷേപണത്തിന് തൊട്ടു മുമ്പ് മാത്രമേ അതിൽ ഇന്ധനം നിറക്കാൻ കഴിയൂ എന്നുള്ളതായിരുന്നു. അത് കൊണ്ട് തന്നെ ശത്രുവിന്റെ കണ്ണിൽ നിന്ന് അവ മറച്ചു വക്കാൻ പ്രയാസമായിരുന്നു. എന്നാൽ ഖര ഇന്ധനത്തിൽ പ്രവർത്തിക്കുന്ന മിസൈലുകൾക്കു ഈ പരിമിതിയില്ല, ഇന്ധനം നിറച്ചു ദീർഘ കാലം അവ സൂക്ഷിക്കാൻ കഴിയും. ഇത്തരം മിസ്സൈലുകളുടെ നിർമാണത്തിന്റെ പ്രാഥമിക ശ്രമങ്ങൾ എണ്പതുകളിൽ തന്നെ ഇറാൻ ആരംഭിച്ചിരുന്നു. സോവിയറ്റ് യൂണിയന്റെ മിസൈൽ മാതൃകയിൽ ചൈനീസ് സഹായത്തോടെ '' മുഷാക്'' വിഭാഗത്തിൽ പെട്ട ഹൃസ്വ ദൂര ഭൂതല-ഭൂതല മിസൈൽ ഈ രംഗത്തെ പ്രാഥമിക ചുവടു വയ്പ്പായിരുന്നു. ഇറാക്കിനെതിരായ യുദ്ധത്തിൽ ഇത് അഞ്ചു പ്രാവശ്യം ഉപയോഗിച്ചു. പിന്നീട് കുറേക്കാലം ഇത്തരം മിസൈലുകളെക്കുറിച്ച ചർച്ച എവിടെയും ഉണ്ടായിരുന്നില്ല. എന്നാൽ 2002 ൽ വിഷയം വീണ്ടും പൊടുന്നനെ ഉയർന്നു വന്നു (8). '' ഫാതിഹ്-110' എന്ന പേരിൽ ഇറാൻ ഈ ഇനത്തിൽ പെട്ട മിസൈൽ പരീക്ഷിച്ചു. കുറഞ്ഞത് 200 കിലോ മീറ്ററെങ്കിലും സഞ്ചരിക്കാൻ ശേഷി ഉള്ളതായിരുന്നു '' ഫാതിഹ്-110'. ചൈനീസ് മിസൈലായ '' സീ എസ് എസ് 8' ന്റെ മാതൃകയിലായിരുന്നു അവയുടെ നിർമാണം. മിസൈലിന്റെ പ്രവർത്തനത്തിനാവശ്യമായ ഖര ഇന്ധനം തങ്ങൾ തദ്ദേശീയമായി- പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഗവേഷണ കേന്ദ്രത്തിൽ- തന്നെ നിർമിച്ചതാണ് എന്ന വെളിപ്പെടുത്തൽ ആശ്ചര്യ കരമായിരുന്നു. ഫാതിഹ് മിസൈലിന്റെ കടല്‍ പതിപ്പ് തങ്ങള്‍ വികസിപ്പിച്ചതായി ഇറാന്‍ പിന്നീട് പ്രഖ്യാപിച്ചു. അറേബ്യന്‍
ഗള്‍ഫിലെയും, ഹോര്‍മുസ് കടലിടുക്കിലെയും വാണിജ്യക്കപ്പലുകളെയും, പടക്കപ്പലുകളെയും ലക്‌ഷ്യം വെക്കാന്‍ ഈ മിസ്സൈലുകള്‍ക്ക് കഴിയും എന്നാണ് അമേരിക്കയുടെ പക്ഷം.
2009 മെയ് മാസത്തിൽ '' സിജ്ജീൽ-2'' പരീക്ഷിച്ചു. ഈ പരീക്ഷണത്തോടെ ഖര ഇന്ധന മിസൈലുകളുടെ രംഗത്തു ഇറാൻ ഒരു കുതിച്ചു ചാട്ടം തന്നെ നടത്തി എന്ന് പറയാം. 2000 മുതൽ 2500 കിലോമീറ്റർ വരെ ഇവക്കു സഞ്ചരിക്കാൻ കഴിയും എന്നാണ് ഇറാന്റെ അവകാശ വാദം. ഭൂതല-ഭൂതല മിസൈൽ ഇനത്തിൽ പെടുന്ന സിജ്ജീൽ -2 ന് ആയിരം കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ വഹിക്കാനുള്ള ശേഷിയുമുണ്ട്.2015 ൽ ഇറാൻ ലോകത്തെ വീണ്ടും ഞെട്ടിച്ചു(9) . 2500 കിലോ മീറ്ററുകൾ വരെ എത്താവുന്ന '' ക്രൂസ്'' മിസൈൽ തങ്ങൾ നിര്മിച്ചതായി ഇറാൻ വെളിപ്പെടുത്തി. മധ്യ പൗരസ്ത്യ ദേശം മാത്രമല്ല, ആദ്യമായി പൂർവ-ദക്ഷിണ യൂറോപ്പ് കൂടി ഇറാന്റെ മിസൈൽ പരിധിയിൽ വന്നു എന്നാണു അതിന്റെ അർഥം.
ശാക്തിക ബലാബലം
അതിന്റെ ചരിത്രത്തിലുടനീളം ഇറാൻ എതിരാളികൾക്ക് മുന്നിൽ ശക്തമായ പ്രതിരോധം തീർത്തിട്ടുണ്ട്(10). ഭൂമി ശാസ്ത്രം അവർക്കു ഒരനുകൂല ഘടകമാണ്(11). വിശാലമായ പർവത പ്രദേശം രാജ്യത്തിനു ശക്തമായ പ്രതിരോധ കോട്ടയായി നില കൊള്ളുന്നു. അതോടൊപ്പം, ഇറാന്റെ സാമ്രാജ്യ വികസന മോഹങ്ങൾക്കും ഈ ഭൂമി ശാസ്ത്രം എന്നും ഒരു തടസ്സമാണ് എന്നതും വസ്തുതയാണ്.ചുറ്റുപാടുമുള്ള അറബ് ലോകത്തിൽ നിന്ന് വിഭിന്നമായി, ഇറാൻ ജനത പുലർത്തുന്ന വംശീയവും, വിശ്വാസ പരവുമായ വ്യതിരിക്തത, ഇറാന്റെ മേൽ സവിശേഷമായ സാമൂഹിക-സാംസ്കാരിക ഉപരോധം ഏല്പിച്ചിട്ടുണ്ട്.ഇറാക്കുമായുള്ള യുദ്ധം ഇറാന്റെ ഒറ്റപ്പെടലിനെ കൂടുതൽ ശക്തിപ്പെടുത്തി. അതോടൊപ്പം ശത്രുവുമായി ശാക്തിക സന്തുലനം സാധിക്കേണ്ടതിന്റെ ആവശ്യകതയും അവർക്കു ബോധ്യപ്പെട്ടു. ഇറാക്കി മിസൈലുകൾ ഇറാൻ നഗരങ്ങളിൽ പതിച്ചതിനെത്തുടർന്ന് , ചരിത്രത്തിലാദ്യമായി അനേകായിരങ്ങൾ നഗരങ്ങൾ ഉപേക്ഷിച്ചു പലായനം ചെയ്തു. ജനതയുടെ ആത്മ വീര്യം കെടുത്തിയ ആ സംഭവത്തോടെ, ഇറാൻ യുദ്ധമവസാനിപ്പിക്കാൻ നിർബന്ധിതമായി. പ്രസ്തുത യുദ്ധത്തോടെ മിസൈൽ എന്നത്, ഇറാൻ സൈന്യത്തെ സംബന്ധിച്ചിടത്തോളം വെറും ഒരായുധം എന്നതിനപ്പുറം, ഒരു പരിപൂർണ്ണ യുദ്ധോപായവും, ഒടുവിൽ ഇറാന്റെ ശാക്തിക ബലാ ബലത്തിന്റെ പ്രധാന ഘടകവുമായിത്തീർന്നു(12).
സൗദി അറേബ്യ, ഇസ്രായേൽ ഉൾപ്പെടെയുള്ള എതിരാളികൾ ഇറാന് നിരന്തരം വെല്ലുവിളി ഉയർത്തുന്നു. എന്നാൽ ഈ രാജ്യങ്ങളെപ്പോലെ, അത്യന്താധുനികമായ പാശ്ചാത്യ ആയുധങ്ങൾ കാരസ്ഥാമാക്കാൻ ഇറാന് മുന്നിൽ മാർഗവുമില്ല. തങ്ങളുടെ വലിയ ജന സംഖ്യക്ക് ആനുപാതികമായ വിഭവ ശേഷി ഇറാനില്ല. അത് കൊണ്ട് തന്നെ സൗദി അറേബ്യ, യു.എ.ഇ മുതലായ രാജ്യങ്ങളെപ്പോലെ വളരെ വലിയ വിഹിതം സൈനിക ചെലവിന് നീക്കി വെക്കാൻ ഇറാന് കഴിയില്ല. ഇറാന്റെ സൈനിക ബഡ്ജറ്റിന്റെ ഒമ്പതിരട്ടിയാണ് സൗദിയുടേത്. ഇറാന്റെ പത്തു ശതമാനം മാത്രം ജന സംഖ്യ വരുന്ന യു.എ.ഇയുടെ പ്രതിരോധ ബജറ്റ്, ഇറാന്റേതിനേക്കാൾ അമ്പത് ശതമാനം എങ്കിലും അധികമാണ്.
മേൽ പറഞ്ഞ കാരണങ്ങൾ കൊണ്ടൊക്കെത്തന്നെ, ഏറ്റവും ദുർബലമായ അയൽ രാജ്യത്തിന്റെതിനേക്കാൾ സാങ്കേതിക വിദ്യയിലും, പ്രയോഗ ക്ഷമതയിലും പിന്നിൽ നിൽക്കുന്നതാണ് തങ്ങളുടെ ആയുധ ശേഖരം എന്ന് ഇറാൻ തിരിച്ചറിയുന്നു. അതിനാൽ എതിരാളികളുമായി നേർ യുദ്ധത്തിനുള്ള സാധ്യത പരമാവധി കുറച്ചു കൊണ്ടുള്ള ഒരു പ്രതിരോധ തന്ത്രമാണ് ഇറാൻ രൂപപ്പെടുത്തിയിരിക്കുന്നത്. ലോകത്തിന്റെ പ്രധാനപ്പെട്ട മൂന്നു മേഘലകളിൽ മൂന്നു ശക്തികളിലൂടെയാണ് ഇത് നിർവഹിക്കപ്പെടുന്നത്(13).
ഹോർമുസ് കടലിടുക്കിലെ കപ്പൽ പാതയിൽ ഭീതി സൃഷ്ടിക്കാനുള്ള ഇറാന്റെ തന്ത്രപരമായ ശക്തിയാണ് ഒന്നാമത്തേത്.
സ്വന്തം ഏജൻസികളെ ഉപയോഗിച്ച്, തങ്ങളുടെ രാജ്യാതിര്ത്തിക്കു പുറത്തുള്ള വ്യത്യസ്ത പ്രദേശങ്ങളിൽ അക്രമ പ്രവർത്തനങ്ങൾ നടത്താനുള്ള ശേഷിയാണ് രണ്ടാമത്തേത്. ഹിസ്ബുള്ള ഉൾപ്പെടെയുള്ള സ്ഥിരം സായുധ ഗ്രൂപ്പുകൾ, ലാറ്റിനമേരിക്കയിലും, യൂറോപ്പിലും ഉള്ള ചില ക്രിമിനൽ സംഘങ്ങൾ മുതലായവ ഈ രീതിയിൽ പ്രവർത്തിക്കുന്നവയാണ്.
തങ്ങളുടെ ഹൃസ്വ ദൂര- മധ്യ ദൂര മിസൈലുകൾ ഉപയോഗിച്ച് വിദൂരത്തു നിന്ന് തന്നെ എതിരാളികൾക്ക് പ്രഹരമേല്പിക്കാനുള്ള ശേഷിയാണ് മൂന്നാമത്തേത്.
ഇപ്പറഞ്ഞ മൂന്നു ഘടകങ്ങളിൽ ഓരോന്നിനും അവയുടേതായ മെച്ചങ്ങളും, പോരായ്മകളുമുണ്ട്.ഉദാഹരണത്തിന്, ഹോർമുസ് കടലിടുക്കിന്റെ കാര്യം തന്നെയെടുക്കാം. അതിലൂടെയുള്ള കപ്പൽ ഗതാഗതത്തിനു തടസ്സം സൃഷ്ടിക്കുന്നത് ആഗോള സാമ്പത്തിക വ്യവസ്ഥയെത്തന്നെ ബാധിക്കുന്ന കാര്യമാണ്. ഇറാൻ അത്തരമൊരുദ്യമത്തിനു മുതിർന്നാൽ ഏഷ്യയിലും, യുറോപ്പിലും അവർക്കുള്ള ഏതൊരു പിന്തുണയും നഷ്ടപ്പെടുന്നതിലേക്കാണ് നയിക്കുക. അത് കൊണ്ട് ഹോര്‍മുസ് അടക്കുക എന്നത്, ഇറാന്‍ ഏറ്റവും അവസാനത്തെ മാര്‍ഗമായാണ് പരിഗണിക്കുന്നത്. അതേസമയം, തൊണ്ണൂറുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍, തങ്ങളുടെ അതിര്‍ത്തിക്ക് പുറത്തു സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഇറാന്റെ ശേഷിയും വല്ലാതെ കുറഞ്ഞിട്ടുണ്ട്. അതിനാൽ ഇറാന്റെ മുന്നിൽ അവശേഷിക്കുന്ന പ്രഥമ ഗണനീയമായിട്ടുള്ള - മിക്കവാറും ഒരേയൊരു മാർഗം- എന്നത് മിസൈലുകളെ ആശ്രയിക്കുക എന്നത് തന്നെയാണ്. ഈ മിസൈലുകൾക്കു സൈനിക ലക്ഷ്യങ്ങളിലോ, മറ്റു സുപ്രധാന കേന്ദ്രങ്ങളിലോ കൃത്യമായ നാശം വിതക്കാൻ കഴിഞ്ഞു കൊള്ളണമെന്നില്ല, എന്നാൽ വലിയ ജനവാസ കേന്ദ്രങ്ങളിൽ തീ പടർത്താനുള്ള ശേഷി നേടാൻ കഴിഞ്ഞു എന്നത് തന്നെ, ഇറാന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ പര്യാപ്തമാണ്. ഹൃസ്വ കാലയളവിൽ നിർണായക വിജയം നേടുക എന്നത് തന്നെ ഇറാന്റെ ലക്ഷ്യമല്ല. പോരാട്ട മുഖത്ത് ഉറച്ചു നിന്ന് സാധ്യമായത്ര ദീർഘ കാല പോരാട്ടത്തിലൂടെ ശത്രുവിനെ പരമാവധി ദുര്ബലമാക്കുക എന്നതാണ് ഇറാന്റെ പ്രതിരോധ തത്വം. അതിനാൽ ഇറാനു വേണ്ടി പ്രവർത്തിക്കുന്ന അവരുടെ ഏജന്റുമാരും, ഇറാന്റെ പിന്തുണയുള്ള സായുധ പ്രസ്ഥാനങ്ങളും കൃത്യത കുറഞ്ഞ മിസൈലുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
ഇറാൻ നേതൃത്വം, ക്‌ളാസിക്കൽ പ്രതിരോധ തന്ത്രത്തിൽ നിന്ന് കടം കൊണ്ട പദാവലികൾ ഉപയോഗിച്ച് തങ്ങളുടെ മിസൈൽ ശക്തിയെക്കുറിച്ചു പലപ്പോഴും വാചാലമാവാറുണ്ട്. ശിഹാബ്-മൂന്നു മിസൈലിന്റെ പരീക്ഷണ ശേഷം , 1998 ജൂലൈയിൽ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന അലി ശംഖാനി നടത്തിയ പ്രസ്ഥാവന ഇത്തരത്തിൽ ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കമിതാണ്: സാധ്യമായത്ര കുറഞ്ഞ നഷ്ടം വരിച്ചു കൊണ്ട് ശത്രുവിൽ നിന്നുള്ള ആദ്യ അക്രമം സഹിക്കുക. പിന്നീട് ശക്തമായ പ്രത്യാക്രമണം നടത്തുക. അത് വഴി ദീർഘ കാലത്തേക്ക് ശത്രുവിൽ നിന്ന് മൂന്നാമതൊരു അക്രമം ഉണ്ടാവില്ല എന്ന് ഉറപ്പു വരുത്തുക.
നേരിട്ടല്ലെങ്കിലും, തങ്ങളുടെ മിസൈൽ ശക്തിയുടെ കാര്യക്ഷമത, ഇറാൻ പ്രയോഗത്തിലൂടെ സ്ഥിരീകരിച്ചു എന്നതാണ് വസ്തുത (14). 2006 ൽ ഇസ്രായേലുമായുണ്ടായ യുദ്ധത്തിൽ ഹിസ്ബുള്ള ഇറാൻ നൽകിയ മിസൈലുകൾ ഉപയോഗിച്ചു. ഇസ്രായേലിനു കാര്യമായ സാമ്പത്തിക-രാഷ്ട്രീയ ആഘാതങ്ങൾ ഏൽപ്പിക്കുന്നതിൽ ഈ ആക്രമണങ്ങൾ വിജയിച്ചു. റോക്കെറ്റ് ലോഞ്ചറുകളിൽ നിന്ന് പ്രയോഗിക്കുന്ന താരതമ്യേന ഹ്രസ്വ ദൂര ഇനത്തിൽ പെട്ട മിസൈലുകൾ ആണ് ഹിസ്ബുള്ള പ്രയോഗിച്ചത്. എന്നാൽ അവയുടെ പ്രഹരം ഇസ്രായേൽ സാമ്പത്തിക വ്യവസ്ഥക്ക് മൂന്നര ബില്യൺ ഡോളറിന്റെ നഷ്ടം ഏൽപ്പിച്ചു എന്നാണു കണക്കാക്കപ്പെടുന്നത്.പല ഇസ്രായേൽ കമ്പനികളും അടച്ചു പൂട്ടേണ്ടി വന്നു. ഇൻഷുറൻസ് ഇനത്തിൽ ഗവണ്മെന്റിനു ഭീമമായ തുക ചിലവായി. കരുതൽ സേനയെ വിളിച്ചു വരുത്തേണ്ടി വന്നു.
കൂടുതൽ സഞ്ചാര ശേഷിയും, കൃത്യതയും, കൂടുതൽ പ്രഹര ശേഷിയുമുള്ള ഒരു ലക്ഷത്തി മുപ്പതിനായിരം മിസൈലുകളെങ്കിലും ഇന്ന് ഹിസ്ബുല്ലയുടെ ശേഖരത്തിലുണ്ട് എന്നാണു കണക്കാക്കപ്പെടുന്നത്. ' ഫാതിഹ്', ' ഫജ്ർ' ശ്രേണിയിൽ പെട്ടവ മുതൽ, സാക്ഷാൽ സ്കഡ് മിസൈൽ വരെയുണ്ട് അവരുടെ ശേഖരത്തിൽ.ഇറാനും തങ്ങളുടെ മിസൈൽ ശേഖരം വളരെയധികം വിപുലപ്പെടുത്തുകയും, കൂടുതൽ വിശാലമായ ഭൂപ്രദേശങ്ങളിൽ അവ വിന്യസിക്കുകയും ചെയ്തിരിക്കുന്നു. വിശേഷിച്ചും സിറിയ ഇറാന്റെ മധ്യ ദൂര മിസൈലുകൾക്കു ആതിധേയത്വം വഹിക്കുന്ന രാജ്യമാണ്. മിസൈൽ ഭാഗങ്ങൾ സംയോജിപ്പിക്കുന്നതിനുള്ള ഇറാന്റെ ഫാക്ടറികളും അവിടെ പ്രവർത്തിക്കുന്നു.
റിയാദിലും, തെൽ അവീവിലുമുള്ള തങ്ങളുടെ പ്രത്യക്ഷ ശത്രുക്കളെ ആക്രമിക്കാൻ, ഇറാനും സഖ്യ കക്ഷികൾക്കും ഈ മിസൈലുകൾ പ്രാപ്തി നൽകുന്നു എന്നത് ഏതാണ്ട് ഉറപ്പുള്ള കാര്യമാണ്. കുറഞ്ഞ സ്ഥല വിസ്തൃതി ഇസ്രയേലിന്റെ അടിസ്ഥാന പരമായ ഒരു പരിമിതിയാണ്. അതോടൊപ്പം അവരുടെ വെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മുതൽ രാസായുധ ശേഖരം വരെ ഏതൊരാക്രമണത്തിനും വിധേയമാകാവുന്ന തരത്തിൽ തുറന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്( ഇട തൂർന്ന വനങ്ങളോ, വലിയ പർവതങ്ങളോ ഇല്ലാതെ പരന്നു കിടക്കുന്ന മരുഭൂമിയിലാണ് അവയൊക്കെ സ്ഥിതി ചെയ്യുന്നത്-വിവ.). ഹൃസ്വ ദൂര മിസൈലുകൾ പ്രതിരോധിക്കാൻ കഴിയുന്ന അയൺ ഡോം, ദീർഘ ദൂര മിസൈലുകൾ തടുക്കാൻ കഴിയുന്ന 'ഡേവിഡ് സ്ലിങ്' പ്രതിരോധ സംവിധാനം, മധ്യ ദൂര-ദീർഘ ദൂര ബാലിസ്റ്റിക് മിസൈലുകൾ തകർക്കാൻ കഴിയുന്ന 'ആരോ' മിസൈലുകൾ തുടങ്ങിയവയെല്ലാം ഇസ്രയേലിന്റെ പക്കലുണ്ട് എന്നത് നേരാണ്. എന്നാൽ നിശ്ചിത സമയത്തു തൊടുക്കാവുന്ന പ്രതിരോധ മിസൈലുകളുടെ എണ്ണത്തേക്കാൾ കൂടുതൽ ആക്രമണ മിസൈലുകൾ ശത്രു പ്രയോഗിച്ചാൽ പ്രതിരോധം ദുർബലമായിപ്പോവും എന്ന പ്രശ്നമുണ്ട്.
റിയാദിലാകട്ടെ കാര്യങ്ങൾ കൂടുതൽ കുഴപ്പം പിടിച്ചതാണ്. അവരുടെ പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ പരിമിതി പല തവണ തെളിയിക്കപ്പെട്ടതാണ്(15). ഇറാനുമായി നേരിട്ടുള്ള ഒരു യുദ്ധത്തിൽ, അവരും, സഖ്യ കക്ഷികളും തീർക്കുന്ന മിസൈൽ പേമാരിയെ പ്രതിരോധിക്കാൻ സൗദിയുടെ പ്രതിരോധ സംവിധാനങ്ങൾ മതിയാവില്ല എന്നത് തീർച്ചയാണ്.
വലിയ ആയുധ ശേഷിയും, സന്നാഹങ്ങളുമുള്ള എതിരാളികൾക്ക് മുന്നിൽ തുല്യതയില്ലാത്ത പ്രതിരോധ ശേഷിയാണ് ഈ മിസൈലുകൾ ഇറാനു നൽകുന്നത്. വ്യോമ ശക്തി പോലെ മറ്റുള്ള സൈനിക സംവിധാനങ്ങൾക്ക് വേണ്ടി വരുന്നതിനേക്കാൾ താരതമ്യേന കുറഞ്ഞ സാങ്കേതിക-ഭൗതിക നിക്ഷേപം മതിയാവും എന്നതാണ് മിസൈൽ ശക്തിയുടെ മെച്ചം. അതുകൊണ്ടു മിസൈൽ ശേഷി എന്നത്, വൻ ശക്തി രാഷ്ട്രങ്ങൾക്ക് മാരകമായ പ്രഹരമേല്പിക്കുന്നതിനു, ചെറു ശക്തി രാഷ്ട്രങ്ങൾക്ക് അവലംബിക്കാൻ കഴിയുന്ന മികച്ച മാർഗമാണ്. വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന മിസൈൽ പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കാൻ വൻ ശക്തി രാഷ്ട്രങ്ങൾ നിർബന്ധിതമാവുകയും ചെയ്യും. എന്നാൽ ഇതൊക്കെ വസ്തുതയാണെങ്കിലും , ഇസ്രയേലിനെ ആക്രമിക്കാൻ കഴിയുന്ന മിസൈൽ ഇറാന്റെ കൈവശം നിലവിൽ തന്നെ ഉണ്ടെങ്കിലും, അതൊന്നുമല്ല കഴിഞ്ഞ കുറേ നാളുകളായി ലോകത്തെ -വിശേഷിച്ചും അമേരിക്കയെ- അലട്ടിക്കൊണ്ടിരിക്കുന്നതു, മറിച്ചു് ഇറാന്റെ മേൽ ആരോപിക്കപ്പെടുന്ന ദീർഘ ദൂര, ഭൂഖണ്ഡാന്തര മിസൈൽ മോഹങ്ങളാണ്. 'നാഗരിക ലോക'ത്തിന്റെ അധികാര കേന്ദ്രത്തിനു, അതിന്റെ രാജധാനിയിൽ തന്നെ ഭീഷണി സൃഷ്ടിക്കാൻ പര്യാപ്തമാവും ഈ മിസൈലുകൾ എന്ന് വിശ്വസിക്കപ്പെടുന്നു.
പ്രതിരോധം, ഭീതി ജനിപ്പിക്കൽ
ഭൂഗോളത്തിന്റെ കിഴക്കേ അറ്റം മുതൽ പടിഞ്ഞാറേ അറ്റം വരെയുള്ള ഏതൊരു ലക്ഷ്യവും ആക്രമിക്കാൻ കഴിയുന്ന മിസൈൽ ശേഖരം ഇന്ന് അഞ്ച് രാജ്യങ്ങളുടെ പക്കലാണുള്ളത്(16). അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ്, തുടങ്ങിയവയാണ് ആ രാജ്യങ്ങൾ. പതിമൂവായിരം കിലോ മീറ്റർ വരെ സഞ്ചാര ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ഈ രാജ്യങ്ങളുടെ പക്കലുണ്ട്. അതിനു പുറമെ ഇന്ത്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്ക് ദീർഘ ദൂര മിസൈൽ പദ്ധതികളുമുണ്ട്. എന്തിനധികം, ഇറാന്റെ തന്നെ പ്രത്യക്ഷ ശത്രുക്കളായ സൗദിയുടെയും, ഇസ്രയേലിന്റെയും പക്കൽ - രണ്ടു പതിറ്റാണ്ടിലധികമായി- ഇറാനിയൻ ഭൂപ്രദേശങ്ങളിൽ പ്രഹരമേല്പിക്കാൻ പര്യാപ്തമായ വികസിതമായ മിസ്സൈലുകളുണ്ട്. എന്നാൽ അന്തർ ദേശീയ തലത്തിലോ, മധ്യ പൗരസ്ത്യ മേഘലയിലോ ഉള്ള ഈ മിസൈൽ ശേഖരങ്ങളൊന്നും, ഇറാന്റെ മിസൈലുകൾ പോലെ വിവാദമാകാത്തത് എന്ത് കൊണ്ട്? അവ മാത്രം എന്ത് കൊണ്ട് പലരിലും ഭയം സൃഷ്ടിക്കുന്നു?
ഇറാന്റെ മിസൈൽ ശേഷി വിശകലനം ചെയ്യുന്നതിലെ രാഷ്ട്രീയമാണ് അതിന്റെ ഒന്നാമത്തെ കാരണം. ഇറാന്റെ ആണവ മോഹം സംബന്ധിച്ചുള്ള ആശങ്കയുമായി പെട്ടെന്ന് തന്നെ അത് ബന്ധിക്കപ്പെടും.
അഥവാ ഭാവിയിൽ ഇറാൻ നിർമിക്കുന്ന ആണവായുധങ്ങൾ വിക്ഷേപിക്കാനുള്ള മാർഗം ഒരുക്കുക എന്ന അര്ഥത്തിലുള്ളതാണ് ഇപ്പോഴത്തെ അവരുടെ മിസൈൽ പരിപാടി എന്ന നിലക്കാണ് ചർച്ചകൾ നടക്കുന്നത്. ദീർഘ കാലമായി അമേരിക്കയെ അലട്ടുന്ന ഭയമാണ് മറ്റൊരു കാരണം. തെമ്മാടി രാഷ്ട്ര"( rogue state) മെന്നു അവർ കരുതുന്ന ഒരു രാജ്യത്തിനു, തങ്ങളെയോ , തങ്ങളുടെ സമീപത്തു കിടക്കുന്ന യൂറോപ്യൻ സഖ്യ രാഷ്ട്രങ്ങളെയോ ആക്രമിക്കാൻ പ്രാപ്തിയുള്ള മിസൈൽ ലഭ്യമാവുക എന്നത് അമേരിക്ക വളരെ ഭീതിയോടെയാണ് കാണുന്നത്.
അറുപതുകളുടെ തുടക്കത്തിലെ പ്രസിദ്ധമായ ക്യൂബൻ മിസൈൽ പ്രതിസന്ധി മുതൽ, എതിരാളികൾ നൂതന മിസൈൽ ശേഷി കൈ വരിക്കുന്നതു യു.എസ് വളരെ ഭീതിയോടെയാണ് കാണുന്നത്(17). അമേരിക്കയുടെ ഏതു ഭൂപ്രദേശവും ആക്രമിക്കാൻ കഴിയുന്ന മധ്യ ദൂര മിസൈലുകൾ തൊടുക്കാവുന്ന രഹസ്യ കേന്ദ്രങ്ങൾ ക്യൂബയിൽ നിർമിക്കുന്നതിന്, ആ രാജ്യവും സോവിയറ്റ് യൂണിയനും തമ്മിൽ അറുപതുകളിൽ ധാരണയിലെത്തിയിരുന്നു. യൂറോപ്പിലെ അമേരിക്കൻ മിസൈൽ വ്യാപനത്തോടുള്ള പ്രതികരണമായിട്ടായിരുന്നു സോവിയറ്റ് യൂണിയന്റെ നടപടി. ബ്രിട്ടനിൽ 'തോർ' തുർക്കിയിലും, ഇറ്റലിയിലും '' ജുപിറ്റർ'' മുതലായ ആണവായുധം വഹിക്കാൻ ശേഷിയുള്ള നൂറു മിസൈലുകൾ സോവിയറ്റ് യൂണിയനെ ലക്ഷ്യമാക്കി അമേരിക്ക വിന്യസിച്ചിരുന്നു.
ശീത യുദ്ധ കാലഘട്ടത്തിലെ ഏറ്റവും സുപ്രധാനമായ ഒരേടായിരുന്നു ''ക്യൂബൻ മിസൈൽ'' പ്രതിസന്ധി. സാക്ഷാൽ ആണവ യുദ്ധത്തിന്റെ വക്കോളം അത് ലോകത്തെ എത്തിച്ചു. അണുബോംബ് - അത് പ്രാഥമിക ഘട്ടത്തിലുള്ളതാണെങ്കിൽ പോലും- വഹിക്കാൻ കഴിയുന്ന താരതമ്യേന ചെലവ് കുറഞ്ഞ മിസൈൽ പോലുള്ള ആയുധങ്ങൾ തങ്ങൾക്കു വരുത്താവുന്ന നാശ നഷ്ടങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ഭീതി വാഷിംഗ്ടണിന്റെ മനസ്സിൽ സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതാണ് ക്യൂബൻ പ്രതിസന്ധിയുടെ ദൂര വ്യാപക ഫലം. രാഷ്ട്രീയ ബന്ധങ്ങളുടെ സാമ്പ്രദായിക തത്വങ്ങളോട് പ്രതിബദ്ധതയില്ലാത്ത ഒരു ചെറു ശക്തി ആഗോള വ്യവസ്ഥയിൽ സൃഷ്ടിക്കാവുന്ന അപകടത്തിന്റെ വ്യാപ്തിയിലേക്കും അത് വെളിച്ചം വീശി.
പിന്നീട് ഉത്തര കൊറിയൻ വിഷയം കൈകാര്യം ചെയ്യുന്നതിൽ അമേരിക്കക്കു സംഭവിച്ച പരാജയം അവരുടെ ഭീതിക്ക് ആക്കം കൂട്ടി. ആണവ- മിസൈൽ രംഗങ്ങളിൽ കൊറിയക്കു വളരെ മികച്ച പദ്ധതികളുണ്ട് എന്നതാണ് അമേരിക്കയെ അലട്ടുന്നത്.വടക്കേ അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌കോയുടെയും, സിയാറ്റിലിന്റെയും തീരങ്ങളിൽ വരെ ആണവാക്രമണം നടത്താനുള്ള ശേഷി പ്യോങ് യാങ് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു(18). കൊറിയയുടെ ഈ മുന്നേറ്റം അമേരിക്കയുടെ കൊറിയൻ ഭീതിയേക്കാൾ പലതു കൊണ്ടും ഇറാൻ ഭീതി വര്ധിപ്പിക്കുന്നതിലാണ് കലാശിച്ചത്. ഒട്ടേറെ അമേരിക്കൻ സൈനിക താവളങ്ങൾക്കു സമീപമുള്ള ഇറാന്റെ ഭൂമിശാസ്ത്രപരമായ കിടപ്പാണ് അതിന്റെ കാരണം. " അമേരിക്കൻ വിരുദ്ധത'' എന്ന തത്വത്തിലൂന്നി, ഇരുരാജ്യങ്ങളും മിസൈൽ രംഗത്തു ദീർഘ നാളായി സഹകരിക്കുന്നുണ്ട്. ആണവ വിഷയത്തിലും അമേരിക്കൻ സഖ്യ കക്ഷികളിൽ നിന്ന് ഇരു രാജ്യങ്ങളും സമാനമായ ഒറ്റപ്പെടലാണ് നേരിടുന്നത്.തെഹ്റാൻറെ ബീജിങിലും, മോസ്കോയിലുമുള്ള പരമ്പരാഗത സഖ്യ കക്ഷികളേക്കാൾ ഉത്തര കൊറിയയാണ് ഇറാന്റെ മിസൈൽ പരിപാടികളെ മുഖ്യമായും സഹായിക്കുന്നത് എന്ന് വാഷിങ്ടൺ ഉറച്ചു വിശ്വസിക്കുന്നു. അമേരിക്കയുടെ ഈ വിശ്വാസമാകട്ടെ വലിയൊരളവു വരെ സത്യവുമാണ്. ഇറാന്റെ മിസൈലുകൾ രൂപ കല്പന ചെയ്യുന്നതിലും, മെച്ചപ്പെടുത്തുന്നതിലും കൊറിയൻ സാങ്കേതിക വിദഗ്ദർ മേൽനോട്ടം വഹിക്കുന്നു(19).ഭൂമിക്കടിയിൽ മിസൈലുകൾ സൂക്ഷിക്കുന്നതിനുള്ള രഹസ്യ കേന്ദ്രങ്ങളുടെ നിർമാണത്തിന് ഇസ്‌ലാമിക് റിപ്പബ്ലിക് പിന്തുടരുന്നത് കൊറിയൻ മാതൃകയാണ്.ആണവ പോർ മുനകളും, വിക്ഷേപണ സന്നാഹങ്ങളും ഒരുക്കാനുള്ള ഇറാനിയൻ റിപ്പബ്ലിക്കൻ ഗാർഡിന്റെ ശ്രമങ്ങളെ സഹായിക്കുന്നതിന് ഈ രംഗത്തെ വിദഗ്ദർ ഇരു രാജ്യങ്ങൾക്കുമിടയിൽ നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.കൊറിയ ആകട്ടെ ഇറാന് തങ്ങളുടെ ചില അത്യാധുനിക മിസൈലുകൾ നൽകുന്നത് തുടരുന്നു.ഇതിൽ പ്രധാനപെട്ടതാണ് മധ്യദൂര Musudan മിസൈലുകൾ. ഇറാന് 2005 ൽ തന്നെ പ്രസ്തുത മിസൈലുകൾ ലഭിച്ചുവെന്നും, ദീഘമായ നവീകരണ പ്രവർത്തങ്ങൾക്കൊടുവിൽ അവ തന്നെയാണ് 2007 ൽ ഖുറം ഷഹർ എന്ന പേരിൽ 2000 കിലോമീറ്റർ ദൂര പരിധിയുള്ള മിസൈലായി പരീക്ഷിച്ചതെന്നും പെന്റഗൺ കരുതുന്നു(20).
ഇറാന്റെ മിസൈൽ ശേഷിയെക്കുറിച്ച ദീർഘ നാളായുള്ള ഭീതിയോടുള്ള പ്രതികരണമായി, മാറി മാറി വന്ന അമേരിക്കൻ സർക്കാരുകൾ, ഈ ഭീഷണിയിൽ നിന്നും യൂറോപ്പിനെ രക്ഷിക്കുന്നതിനുള്ള തുടർച്ചയായ പ്രതിരോധ തന്ത്രങ്ങൾക്ക് രൂപം നൽകിയിരുന്നു.ഈ രംഗത്തു ഏറ്റവും പ്രധാന നീക്കമുണ്ടായത് 2007 ൽ ജോർജ് ബുഷ് ജൂനിയറിന്റെ കാലത്താണ്(21). ചെക്ക് റിപ്പബ്ലിക്കിൽ റഡാർ സിസ്റ്റം സ്ഥാപിക്കുക, പോളണ്ടിൽ പത്തു മിസൈൽ സംവിധാനങ്ങൾ വിന്യസിക്കുക എന്നിവയടങ്ങുന്ന യൂറോപ്പ്യൻ പ്രതിരോധ ചട്ടക്കൂട് പ്രഖ്യാപിക്കപ്പെട്ടു.2600 കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുള്ള '' സിജ്ജീൽ'' മിസൈലുകൾ ഇറാൻ പരീക്ഷിച്ചതിനോടുള്ള പ്രതികരണമായിരുന്നു ഇത്.പോളണ്ടുൾപ്പെടെ യൂറോപ്പ്യൻ യൂണിയനിലെ മറ്റു പല രാജ്യങ്ങളെയും ആക്രമിക്കാൻ കഴിയുന്നതായിരുന്നു പ്രസ്തുത മിസൈൽ.4000 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ഭൂഖണ്ടാന്തര ബാലിസ്റ്റിക് മിസൈൽ ഇറാൻ ഉടൻ വികസിപ്പിക്കും എന്ന ഭീതിയും അന്ന് നില നിന്നിരുന്നു.
2008 ൽ സിംനാൻ ജില്ലയിൽ ഇറാൻ തങ്ങളുടെ സ്പേസ് സെന്റർ തുറന്നു. തൊട്ടടുത്ത വര്ഷം ആരംഭത്തിൽ തന്നെ '' സഫീർ'' റോക്കറ്റ് വിജയകരമായി പരീക്ഷിക്കുകയും, തുടർന്ന് അതുപയോഗിച്ച് ഉമൈദ് ( Omid) കൃത്രിമോപഗ്രഹം ഭ്രമണ പദത്തിൽ വിജയകരമായി വിക്ഷേപിക്കുകയും ചെയ്തു. പിന്നീടും ഇതേ ഇനത്തിൽ പെട്ട റോക്കറ്റുകളുപയോഗിച്ചു കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കപ്പെട്ടു. അതോടു കൂടി ആണവ പോർമുനകൾ വഹിക്കാനുള്ള ശേഷി '' സഫീർ'' റോക്കറ്റുകൾക്കുണ്ട് എന്ന് താഥ്വികമായി തെളിയിക്കപ്പെട്ടു. സഫീറിനെക്കാൾ വികസിതമായ, 500 കിലോ ഗ്രാം വരെ ഭാരമുള്ള ബഹിരാകാശ വാഹനം വഹിക്കാൻ കഴിയുന്ന " സീമോർഗ്''( SIMORGH) റോക്കറ്റുകൾ വികസിപ്പിച്ചതായി ഇറാൻ പിന്നീട് വെളിപ്പെടുത്തി.
ഇറാന്റെ സ്പേസ് ദൗത്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുന്നതിനനുസരിച്ചു പാശ്ചാത്യരുടെ ഭയവും വർധിച്ചു വന്നു(22). ഉപഗ്രഹ വിക്ഷേപണവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവര്‍ത്തനങ്ങള്‍, ഭൂഖണ്ഡാന്തര മിസൈലുകളുടെ വിക്ഷേപണ പരീക്ഷണമായി മാറുമോ എന്നതായിരുന്നു അവരുടെ ആശങ്ക. എന്നാൽ ഇങ്ങനെയൊരു മാറ്റം സാധ്യമല്ല എന്ന നിഗമനത്തിലാണ് ഒടുവിൽ അമേരിക്ക എത്തിച്ചേർന്നത്(23). രണ്ടിനും ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ തമ്മില്‍ പ്രകടമായ അന്തരമുണ്ട്. ഉപഗ്രഹങ്ങൾ വഹിക്കുന്ന റോക്കറ്റ് വിക്ഷേപിണികൾ പ്രവർത്തിക്കുന്നത്, അവയെ ഭ്രമണ പദത്തിലെത്തിക്കുന്നതിന് ദീർഘ നേരം പ്രവർത്തിക്കാൻ കഴിയുന്ന ലോ-പ്രൊപ്പലന്റ് എഞ്ചിനുകളിലാണ്. എന്നാൽ ഭൂഖണ്ഡാന്തര മിസൈലുകൾ പ്രയോഗിക്കുന്നതിനു, കൂടുതൽ ക്ഷമതയുള്ള തികച്ചും വ്യത്യസ്തമായ എൻജിനിൽ പ്രവർത്തിക്കുന്ന വിക്ഷേപിണി ആവശ്യമാണ്.ഈ നിഗമനത്തെത്തുടർന്ന്, ഒബാമ ഭരണ കൂടം ഇറാൻ മിസൈൽ ഭീഷണിയെ നയതന്ത്ര തലത്തിൽ കൈകാര്യം ചെയ്യാൻ തുടങ്ങി.ഇറാൻ സമീപ ഭാവിയിലൊന്നും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ നിർമിക്കാനുള്ള ശേഷി കൈ വരിക്കില്ല എന്ന് അമേരിക്ക മനസ്സിലാക്കി. മാത്രമല്ല, യഥാർത്ഥ ഭീഷണി വരുന്നത് ഇറാന്റെ ആണവ പദ്ധതി, യൂറോപ്പ് വരെ എത്താൻ ശേഷിയുള്ള മധ്യ ദൂര മിസൈലുകൾ മുതലായവയിൽ നിന്നുമാണെന്നും അവർ തിരിച്ചറിഞ്ഞു. അതിനാൽ ഇറാന്റെ ആണവ മോഹങ്ങൾക്ക് മൂക്ക് കയറിടുന്നതിനായി, ഒബാമ ഭരണകൂടം തഹ്‌റാനുമായി ദീർഘമായ ചർച്ചകൾക്ക് തുടക്കം കുറിച്ചു. അതേസമയം തന്നെ, ഇറാന്റെ മധ്യ ദൂര മിസൈലുകളിൽ നിന്ന് യൂറോപ്പിന് സംരക്ഷണമൊരുക്കുന്നതിനു , ബുഷ് ഭരണകൂടം അവതരിപ്പിച്ചതിന് പകരമായി ഒബാമ ഭരണകൂടം ' SM-3' മിസൈലുകൾ വിന്യസിക്കും എന്ന് പ്രഖ്യാപിച്ചു.
ശക്തിയുടെ അതിരുകൾ
ഒബാമ ഭരണകൂടം ഇറാന്റെ ആണവ പരിപാടി കൈകാര്യം ചെയ്യുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ത്രീകരിച്ചത്. അവരുടെ ആണവ പരിപാടിയും, മിസൈൽ പദ്ധതിയും അമേരിക്ക വേർതിരിച്ചാണ് കണ്ടത്. അത് കൊണ്ട് ഇറാന്റെ മിസൈൽ പരീക്ഷണങ്ങൾ തുടരുന്നതിനു തടസ്സമൊന്നും നേരിട്ടില്ല. 2015 ൽ ആണവ കരാർ ഒപ്പിട്ടത് മുതൽ 2018 ൻറെ തുടക്കം വരെയുള്ള കാലയളവിൽ , ഇറാൻ ഏകദേശം 23 തവണയെങ്കിലും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിട്ടുണ്ട് എന്നാണു കണക്കാക്കപ്പെടുന്നത് (24). ഇതിൽ, ഏറ്റവും ചുരുങ്ങിയ പക്ഷം പത്ത് പരീക്ഷണങ്ങളെങ്കിലും ആണവ പോർമുനകൾ വഹിക്കാൻ വരെ ശേഷിയുള്ള മധ്യ ദൂര ബാലിസ്റ്റിക് മിസൈലുകളുടേതായിരുന്നു. ഇതിനിടയിലാണ് 2017 ന്റെ തുടക്കത്തിൽ, ഇറാനുമായുള്ള ആണവ കരാർ പൊളിക്കുക എന്ന ലക്ഷ്യത്തോടെ ട്രംപ് ഭരണകൂടം അധികാരത്തിലേറുന്നത്.ഒന്നുകിൽ തെഹ്റാൻ ഭരണ കൂടത്തെ പൂർണമായും അട്ടിമറിക്കുക, അല്ലെങ്കിൽ
ആണവ പദ്ധതി, മിസൈൽ പരിപാടി, യമനിലും, സിറിയയിലും, ലബനാനിലുമുള്ള ഇറാന്റെ സൈനിക ഇടപെടൽ തുടങ്ങിയവയെല്ലാം നിയന്ത്രിക്കാൻ പര്യാപ്തമായ ഒരു സമഗ്രമായ പുതിയ കരാറിനു രൂപം നൽകുക എന്ന ലക്ഷ്യത്തോടെ ,ഇറാന്റെ ബാലിസ്റ്റിക് ഭീഷണി വീണ്ടും തർക്ക വിഷയങ്ങളുടെ മുൻ നിരയിലേക്ക് ആനയിക്കപ്പെട്ടു. എന്നാൽ, ഇറാന്റെ ആണവ മോഹങ്ങളും, മിസൈൽ പരിപാടിയും തമ്മിലുള്ള മൗലിക വ്യത്യാസം, അവ ഓരോന്നിനും ഇറാന്റെ പ്രതിരോധ തന്ത്രത്തിലുള്ള സ്ഥാനം തുടങ്ങിയ കാര്യങ്ങ
ളൊക്കെ മറന്നു കൊണ്ടാണ് അമേരിക്കയുടെ ഈ പുറപ്പാട് എന്നതാണ് സത്യം. തങ്ങൾക്കെതിരെയുള്ള തുടർച്ചയായ ഉപരോധങ്ങൾ നേരിടുന്നതിന്, ലോക ശക്തികളോടുള്ള ഒരു വില പേശൽ ഉപാധി എന്ന അർത്ഥത്തിലാണ് ഇറാൻ തങ്ങളുടെ ആണവ പരിപാടി രൂപപ്പെടുത്തിയിട്ടുള്ളത്. ആണവ ശക്തിയേക്കാൾ പ്രധാനമായ മറ്റു ചില സൈനിക പദ്ധതികൾ സുരക്ഷിതമാക്കുക എന്ന ആശയവും ഇതിന്റെ പിന്നിലുണ്ട്. എന്നാൽ മിസൈലുകൾക്കുള്ളത് തികച്ചും വ്യത്യസ്തമായ ധർമമാണ്(25). വ്യത്യസ്ത പ്രദേശങ്ങളിൽ സജീവമായും , നേരിട്ടും-സ്വന്തം ദേശാതിർത്തിക്കുള്ളിൽ തിരിച്ചടിയുണ്ടാകും എന്ന ഭയമൊട്ടുമില്ലാതെ- ഇടപെടാൻ ഇറാൻ ഭരണകൂടത്തെ പ്രാപ്തമാക്കുന്ന ഏറ്റവും സുപ്രധാന ഘടകം അവരുടെ മിസൈൽ ശേഷി തന്നെയാണ്.
ഇറാക്കുമായുള്ള യുദ്ധത്തിൽ നിന്നും, തങ്ങളുടെ സാമ്പ്രദായിക സൈനിക ശേഷിയുടെ പരിമിതിയെക്കുറിച്ച പാഠം ഇറാൻ പഠിച്ചു.ശത്രുവിന്റെ സൈനിക മികവിനെ മറികടക്കുന്നതിന്, പ്രാദേശിക സായുധ ഗ്രൂപ്പുകൾ, തങ്ങളുടെ ഏജന്റുമാർ എന്നിവക്ക് വേണ്ടി ദീർഘ കാല മുതൽ മുടക്കിനു ഇറാൻ നിർബന്ധിതമായി.
ഇറാനെ സംബന്ധിച്ചിടത്തോളം സായുധ ഗ്രൂപ്പുകളും, മിസൈലുകളും ഒരേ നാണയത്തിന്റെ ഇരു വശങ്ങൾ മാത്രമാണ്.അവ രണ്ടും താരതമ്യേന ചെലവ് കുറഞ്ഞ പോരാട്ട മാർഗങ്ങളാണ് ഇറാന്. സാമ്പ്രദായിക സൈനിക ശേഷിയുടെ വികസനം എന്നത് വളരെ സാമ്പത്തിക ചെലവുള്ള ഒരു കാര്യമാണ്.ഇറാന്റേതു പോലെ ക്ഷയിച്ചു കൊണ്ടിരിക്കുന്ന ഒരു സമ്പദ്വ്യവസ്ഥക്ക് അത് താങ്ങാവുന്നതിനും അപ്പുറമാണ്.എന്നാൽ സായുധ ഗ്രൂപ്പുകൾക്ക് വേണ്ടി ചെലവഴിക്കേണ്ടി വരുന്ന ധനം, എത്ര അധികമായാലും നേരത്തെ പറഞ്ഞതിന്റെ അത്ര വരില്ല.
അത് പോലെ മിസൈലുകളും ചെലവ് കുറഞ്ഞ ഒരു പ്രതിരോധ മാർഗമാണ്.നിർമാണം വളരെ എളുപ്പമുള്ള മിസൈലുകൾക്കു വേണ്ടി ഇറാൻ ചെലവഴിക്കുന്ന ഓരോ ഡോളറും, നൂറു കണക്കിന് മില്യൺ ഡോളറിന്റെ ബാധ്യത വരുന്ന പ്രതിരോധ സംവിധാനമൊരുക്കാൻ എതിരാളിയെ നിർബന്ധിക്കും. സഞ്ചാര ശേഷിയിൽ ഇറാൻ മിസൈൽ കൈവരിക്കുന്ന ഒരു കിലോമീറ്ററിന്റെ പോലും വർദ്ധനവ് എതിരാളിയുടെ ഭീതിയുടെ വൃത്തം വർധിപ്പിക്കും. പ്രത്യക്ഷത്തിൽ ഒറ്റ ഒരെണ്ണം പോലും പ്രയോഗിക്കപ്പെട്ടിട്ടില്ലെങ്കിലും,എതിരാളിയുമായുള്ള ശാക്തിക സന്തുലനത്തിന്റെ ഏറ്റവും ഉചിത മാർഗമായി ഈ മിസൈൽ ശക്തി നില നിൽക്കുന്നു.
നേർക്ക് നേരെയുള്ള യുദ്ധത്തിൽ ഇറാൻ തങ്ങളുടെ എതിരാളികളുടെ തലയ്ക്കു മുകളിൽ മിസൈൽ പേമാരി വർഷിക്കുന്ന നിമിഷം വരെ, അവരുടെ മറ്റെല്ലാ ആയുധങ്ങളെയും പോലെ മിസൈലുകളുംമറ്റുള്ളവരെ സംബന്ധിച്ചിടത്തോളം ഒരു സജീവ ഭീഷണിയായി മാത്രം നില നിൽക്കും.എന്നാൽ ഇറാനെതിരെയുള്ള യുദ്ധം എല്ലാവര്ക്കും വളരെ ഭാരമേറിയതായിരിക്കും എന്ന് എതിരാളികൾ നന്നായി മനസ്സിലാക്കുന്നു.അതിന്റെ പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിന് തന്നെയും നീണ്ട കാലമെടുക്കും എന്നും എല്ലാവർക്കുമറിയാം.
References:-
1.Iran Missile Mossad Mission
2.Hassan Tehrani
3.Iran Missiles in Desert.
4.How to deal with Iran Ballistic Missile Program.
5.Background on Iran Missiles
6.Iran Missile Threat
7.Why World Fears Iran Missiles
8.Background on Iran Missiles
9.Iran Unveils Cruise Missile
10.Iran seeks Deterrence
11.Iran Geopolitics
12.Get Real On Iran Missiles
13.Role of Missiles in Iran Strategy
14.Iran Missile Arsenal
15.Patriot fails everywhere
16.Missile proliferation
17.Lessons from Cuban Missile crisis
18.North Korean Missiles
19.North Korea fuels iran ambitions.
20.Khorramshar Missile
21.Iran Missile and US defence
22.Europe and Iran Missiles
23.Iran has no ICBM Program
24.Iran Missile tests since nuclear deal
25.The point on Iran Missiles.

Comments
Post a Comment